01:54pm 11 November 2026
NEWS
കൊച്ചിയിലെ ബിൽജിത്തിന്റെ ഹൃദയം കൊല്ലത്തെ പതിമൂന്നുകാരിയിൽ സ്പന്ദിച്ച് തുടങ്ങി
13/09/2025  07:52 AM IST
nila
കൊച്ചിയിലെ ബിൽജിത്തിന്റെ ഹൃദയം കൊല്ലത്തെ പതിമൂന്നുകാരിയിൽ സ്പന്ദിച്ച് തുടങ്ങി

നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത്‌ ബിജുവിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും.  കൊച്ചി ലിസി ആശുപത്രിയിൽ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി. വാഹനാപകടത്തെത്തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെയാണ് പതിനെട്ടുകാരനായ ബിൽജിത്തിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തത്. 

ഇന്നു പുലർച്ചെ ഒന്നരയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30ന് തന്നെ ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ബിൽജിത്ത്. ഹൃദയം കൂടാതെ വൃക്കകൾ, കണ്ണ്, ചെറുകുടൽ, കരൾ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നാണ് ബിൽജിത്തിന്റെ ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചത്.

ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ എത്താനുള്ള സന്ദേശം പെൺകുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു നീക്കമെങ്കിലും കാലതാമസം വരുമെന്നതിനാൽ വന്ദേഭാരതിൽ കുട്ടിയെ കൊണ്ടുവരുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏഴ് മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു പെൺകുട്ടി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img